Thursday, September 3, 2009

ഹര്‍ത്താലിനു ഇമ്മിണി പുളിയ്ക്കും

ഡാര്‍വിനിസത്തെ കൊന്നു ശ്മശാനത്തില്‍ തള്ളാന്‍ വന്നവര്‍ മരുന്ന് തീര്‍ന്നപ്പോള്‍ ഹര്‍ത്താലും പ്രഖ്യാപിച്ച് ബ്ലോഗും പൂട്ടി പോയിക്കാണും. അതിവിടെയും നടക്കുമെന്ന് വിചാരിച്ച് ഇരിക്കുന്ന മാത്തമാറ്റിക്സ് വിശ്വാസികളേ നിങ്ങള്‍ക്ക് ഹാ കഷ്ടം. ഇവിടെ ജപ്പാന്‍ മോഡല്‍ ആണ്. അധികസമയം ജോലി ചെയ്ത് പോസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌‍.

മാത്തമാറ്റിക്സിന്റെ അന്ത്യം വിശദീകരിക്കുന്ന അടുത്ത പോസ്റ്റിന്റെ തുടക്കം കുതൂഹികള്‍ക്കായി പോസ്റ്റ് ചെയ്യുന്നു.

മാത്തമാറ്റിക്സിന്റെ അന്ത്യം ഗ്രന്തങ്ങളിലെ സൂചകങ്ങളിലൂടെയും, മാത്തമാറ്റിക്സിലെ തിയറങ്ങളിലൂടെയും, എഞ്ചുവടി പോലുള്ള അടിസ്ഥാന മാത്തമാറ്റിക്സ് പുസ്തകങ്ങളിലെ പൊട്ടത്തെറ്റുകള്‍ വിശകലനം ചെയ്തും അവതരിപ്പിച്ചാല്‍ ചാത്രത്തില്‍ വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമായിരിക്കും എന്നതിനാല്‍ ഒരു സിനിമാക്കഥയിലൂടെ ഈ വിഷയം അവതരിപ്പിക്കുകയാണ്. അന്ധവിശ്വാസികളെ അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി തിരുത്തേണ്ടി വരുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവേച്ഛ നിറവേറ്റല്‍ ആണ്. ആയതിനാല്‍ നാണിക്കുന്നുമില്ല.

സ്‌ഫടികം എന്ന മലയാള സിനിമ മാത്തമാറ്റിക്സിന്റെ കട്ടേം പടോം മടങ്ങുന്നത് ചിത്രീകരിച്ചത് ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. `ചാക്കോ മാഷ്‌' എന്ന മാത്തമാറ്റിക്സിന്റെ പിതാവിന്റെ ജീവിതകത ചിത്രീകരിക്കുന്നതിലൂടേ ആ മലയാളസിനിമ നമ്മുടെ ജീവിതത്തില്‍ അന്ന്‌ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ക്ക്‌ ഡാര്‍വിനിസം പോലെ, ചാത്രം പോലെ, പരീച്ചണ-നിരീച്ചണം പോലെയുള്ള (കട:ഒരു ചാത്രവിശ്വാസിയുടെ തന്നെ പ്രയോഗം) അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള ഈ കാലഘട്ടത്തിലും പ്രസക്തി ഏറി വരികയാണ്‌.

എത്ര ദശാംശം വരെ ‘പൈ’യുടെ വില നിര്‍ണ്ണയിക്കാം എന്നതില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, വിക്കിപീഡിയയിലെ മിനുക്കുപണികള്‍ മാത്തമാറ്റിക്സിന്റെ മുഖം കുറേക്കൂടി പോളിഷ്‌ഡ്‌ ആക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യമനസ്സുകളുടെ സമസ്യതലത്തിലെ നിഗൂഢതകള്‍ അന്നും ഇന്നും ഒരു പോലെയാണ്‌. ഗ്രന്തങ്ങള്‍ക്കപ്പുറത്ത് ഒന്നുമില്ല എന്നത് ആരും മനസ്സിലാക്കുന്നില്ല. ഗ്രന്തങ്ങളില്‍ ഇല്ലാത്തത് മറ്റെവിടെയോ തേടുന്ന ഇവര്‍ ചുണ്ണാമ്പുപാറക്ക് മുകളില്‍ ജീവിക്കെ തന്നെ ചോക്ക് തേടിപ്പോയ യുവാവിനെപ്പോലെയാണ്.

അയാളുടെ സങ്കലനങ്ങള്‍ തെറ്റ്‌, കിഴിവുകള്‍ തെറ്റ്‌, ഗുണനക്രിയകള്‍ തെറ്റ്‌, ലാഭനഷ്‌ടങ്ങള്‍ തെറ്റ്‌, അയാളുടെ എല്ലാ ഗണിതശാസ്‌ത്രസൂത്രവാക്യങ്ങളും സമ്പൂര്‍ണ്ണ തെറ്റ്‌, കുടുംബബന്ധങ്ങളുടെ പ്രായോഗിക പരീക്ഷാശാസ്‌ത്രത്തില്‍ മുട്ടപൂജ്യം വാങ്ങിയ `ചാക്കോമാഷ്‌' എന്ന മാത്തമാറ്റിക്സിന്റെ പിതാവ്‌ നമുക്ക് മുന്നില്‍ ഇപ്പോഴും പുരികം ചുളിച്ചു നില്‌ക്കുന്നു. മാത്തമാറ്റിക്സിന്റെ അന്ത്യം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രവും ഇല്ല തന്നെ.

ഇത്റയും വായിച്ചപ്പോള്‍ തന്നെ ഇനിയും മസ്തിഷ്കം നഷ്ടപ്പെട്ടില്ലാത്ത, മാത്തമാറ്റിക്സില്‍ വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ക്ക് മനസ്സിലായിക്കാണുമല്ലോ സ്വന്തം ഗണിതചാത്രം തെറ്റിക്കൊണ്ടിരിക്കുകയാണെന്ന്.

കരുതിയിരിക്കൂ അന്ധരാം മാത്തമാറ്റിക്സ് വിശ്വാസികളേ..

Tuesday, September 1, 2009

എന്ത്? മാത്തമാറ്റിക്സ് ചത്തില്ലെന്നോ?

മാത്തമാറ്റിക്സ് ഇനിയും ചത്തില്ലെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികളുടെ കണ്ണു തുറപ്പിക്കുവാന്‍ സമയക്കുറവിനിടയിലും ഒരു പോസ്റ്റിടുവാന്‍ നിര്‍ബന്ധിതനായതാണ്. ഇപ്പോള്‍ ചില ചരിത്ര സന്ദര്‍ഭങ്ങളെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. മാത്തമാറ്റിക്സിന്റെ നിര്യാണത്തിനു കാ‍രണക്കാരായ ചില മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും.

മാത്തമാറ്റിക്സിന്റെ പിതാവായി അറിയപ്പെടുന്ന ചാക്കോ മാസ്റ്റര്‍. ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ് എന്ന വിശ്വപ്രസിദ്ധ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഒരു ദിഗുണസമവാക്യത്തിന്റെ സാമാന്യരൂപം പഠിക്കാത്തവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. സുരേന്ദ്രനാഥ തിലകന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
ചാക്കോ മാസ്റ്ററുടെ സിദ്ധാന്തങ്ങളെ മൂടൊടെ കടപുഴക്കിയ വിശ്വപ്രസിദ്ധ റിബല്‍ ആടു തോമാ. ബൈനോമിയല്‍ തിയറം ഓര്‍മ വെക്കില്ല എന്ന ഇദ്ദേഹത്തിന്റെ വാശിയാണ് മാത്തമാറ്റിക്സിന്റെ കടപുഴക്കിയത്. വിശ്വപ്രസിദ്ധനായ ഒരു മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിസൈനര്‍ കൂടിയായ ഇദ്ദേഹത്തിന്റെ മുണ്ടുപറിച്ചടി വിദേശ സര്‍വകലാശാലകളില്‍ പോലും ഐച്ഛികവിഷയമായി പഠിപ്പിക്കുന്നുണ്ട്. ‘ഓട്ടോമാറ്റിക് ബെല്‍’ കണ്ടു പിടിച്ച ഇദ്ദേഹത്തെ ചിലര്‍ ലാലേട്ടന്‍ എന്നും വിളിച്ചു കേട്ടിട്ടുണ്ട്.
“ബൈനോമിയല്‍ തിയറം കാണാപ്പാഠം പഠിച്ചാല്‍ എല്ലാമായി എന്ന തന്റെയീ ദാര്‍ഷ്ട്യമുണ്ടല്ലോ..ചൂരല്‍ കയ്യിലുണ്ടെന്ന ഒരു മെഗലോമാനിയാക് അദ്ധ്യാപകന്റെ ദാര്‍ഷ്ട്യം. അതീ തോമസിന്റെ മുണ്ടു പറിച്ചടിക്കുമുന്നില്‍ പതറി വീഴുന്ന കാഴ്ച തന്നെ കാണിച്ചിട്ടേ തോമസിനിനി വിശ്രമമുള്ളൂ. ജസ്റ്റ് റിമംബര്‍ ദാറ്റ്.”
മാത്തമാറ്റിക്സിന്റെ കടപുഴകി വീഴുന്ന ചരിത്ര സന്ദര്‍ഭങ്ങളില്‍ ഒന്ന്.
ചാക്കോ മാഷിന്റെ തിയറികളോട് എന്നും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഒരു സൈദ്ധാന്തികന്‍. വിശ്വപ്രസിദ്ധനാകാന്‍ കഴിഞ്ഞില്ലെങ്കിലും ‘ഹ്യൂമാനിറ്റേറിയന്‍ മാത്തമാറ്റിക്സ്’ എന്ന പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
ആടു തോമായുടെ റിബല്‍ സിദ്ധാന്തങ്ങള്‍ക്ക് എന്നും ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന മറ്റൊരു വനിത. ഏഴിമലപ്പൂഞ്ചോല എന്ന ഇവരുടെ പ്രസിദ്ധമായ തിയറം യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ യൌവനതീഷ്ണവും പ്രേമസുരഭിലവുമാണ്. 1996 ല്‍ അന്തരിച്ചു.

മാത്തമാറ്റിക്സ് ഉപയോഗിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ സാധിക്കുകയില്ല എന്നതിനു വിദേശരാജ്യമായ സിംഗപ്പൂരില്‍ നിന്നൊരു തെളിവ്. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു പോലും അവര്‍ക്ക് തെളിയിക്കുവാന്‍ കഴിയുകയില്ല. അതിനു ഞങ്ങളുടെ ഗ്രന്തങ്ങള്‍ തന്നെ വേണം.

സംഖ്യകളുടെയും മാത്തമാറ്റിക്സിന്റെയും അര്‍ത്ഥശൂന്യത വെളിവാക്കുന്ന മറ്റൊരു തെളിവ്. ദൈവം കണ്ടു പിടിച്ച സംഖ്യകള്‍ ഉപയോഗിച്ച് മനുഷ്യര്‍ കണക്കു കൂട്ടുമ്പോള്‍, അതേ മനുഷ്യരെ ഉപയോഗിച്ച് ജീവിതവിജയം പഠിപ്പിക്കുന്ന മൃഗങ്ങള്‍. ഇവയെ സൃഷ്ടിച്ചതും ദൈവം തന്നെ. വിശ്വാസത്തേക്കാള്‍ വലുതല്ല മാത്തമാറ്റിക്സ് എന്നതിനു മറ്റെന്തു തെളിവു വേണം?